സേവാ പാക്ഷിക ഘോഷങ്ങളുടെയും വികസിത കേരളം ഹെൽപ് ഡെസ്‌ക് സംരംഭത്തിന്റെയും ഭാഗമായി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനത്തിനും രക്താവശ്യത്തിനുമുള്ള പുതിയ മൊബൈൽ ആപ്പ് “നമോ ദാൻ” പുറത്തിറക്കി.
മുൻ കേന്ദ്രമന്ത്രി കൂടിയായ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ വി. മുരളീധരൻ ആപ്പിൻ്റെ പ്രകാശനം നിർവ്വഹിച്ചു. ആപ്പ് വികസിപ്പിച്ചത് ജില്ലാ സെക്രട്ടറി രൂപേഷ് ആർ. മേനോൻ, ആണ്.
രക്തദാതാക്കളും സ്വീകരിക്കുന്നവരും എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാവുന്ന സൗകര്യവും,
ആവശ്യമായ ബ്ലഡ് ഗ്രൂപ്പ്, കാരണം, ആവശ്യത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി അഭ്യർത്ഥന സമർപ്പിക്കാനും,
ബ്ലഡ് ഗ്രൂപ്പ്, ലൊക്കേഷൻ തുടങ്ങിയ ഫിൽറ്ററുകൾ ഉപയോഗിച്ച് ദാതാക്കളെ വേഗത്തിൽ കണ്ടെത്താനും ,
ഹെൽപ് ഡെസ്‌ക് മുഖേന അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കുവാനും,
സ്ഥിരമായ ഡാറ്റാബേസ് വഴി ദാതാക്കളെയും സേവനം ലഭിക്കുന്നവരെയും ഏകോപിപ്പിക്കാനും, സാധിക്കുമെന്നതാണ് ആപ്പിൻ്റെ പ്രത്യേകതകൾ.
ദിവസേന ജില്ലാകമ്മിറ്റിക്ക് നിരവധി രക്താവശ്യ അഭ്യർത്ഥനകൾ ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ ആപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ ദാതാക്കളുടെ വ്യക്തിഗത ഡാറ്റാബേസ് ഇല്ലാത്തതിനാൽ സഹായം നൽകുന്നതിൽ സമയതടസങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. “നമോ ദാൻ” മുഖേന ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും, ഇനി രക്തം ആവശ്യമുള്ളവർക്ക് നേരിട്ട് ദാതാക്കളുമായി ബന്ധപ്പെടാനും ഹെൽപ് ഡെസ്‌ക് മുഖേന അടിയന്തര സഹായം ലഭിക്കാനും കഴിയുമെന്നും, സമൂഹത്തോടുള്ള സേവന പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് ഈ ആപ്പ് വികസിപ്പിച്ചതെന്നും ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ നേതാക്കൾ വ്യക്തമാക്കി. “നമോ ദാൻ” ആപ്പ് ആൻഡ്രോയ്‌ഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.